
1. ആമുഖം
കലാം കോസ്മോളജിക്കൽ വാദം ദൈവാസ്തിക്യത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട തത്ത്വചിന്താ വാദങ്ങളിലൊന്നാണ്. അരിസ്റ്റോട്ടിൽ അവതരിപ്പിച്ച പ്രൈം-മൂവർ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാദം. പിന്നീട് ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിൽ ഈ ആശയം മധ്യകാല ഇസ്ലാമിക തത്വചിന്തയിലേക്ക് സ്വാംശീകരിക്കപ്പെട്ടു. അവിടെ മുസ്ലീം പണ്ഡിതന്മാരുടെ കൈകളാൽ അതിൻ്റെ പൂർണ്ണമായ ആവിഷ്കാരം സംഭവിച്ചു. ഈ വാദത്തിൻ്റെ ചരിത്രപരമായ വക്താക്കളിൽ ഏറ്റവും പരിഗണനീയർ അൽ-കിന്ദി (Al-Kindi), അൽ-ഗസ്സാലി (Al-Ghazali), സെന്റ് ബോണാവഞ്ചർ (St. Bonaventure) തുടങ്ങിയവരാണ്.
ഈ വാദത്തിന് മധ്യകാല ഇസ്ലാമിക ദൈവശാസ്ത്രത്തിലുള്ള (ഇൽമുൽ കലാം – Islamic Theology) ചരിത്രപരമായ വേരുകൾ കാരണമാണ് ഇതിനു കലാം കോസ്മോളജിക്കൽ ആർഗ്യുമെൻ്റ് (Kalam Cosmological Argument) എന്ന നാമം ലഭിച്ചത്. (“ഇൽമുൽ കലാം” എന്നത് മധ്യകാല ദൈവശാസ്ത്രത്തിൻ്റെ അറബി പദമാണ്). ഇമ്മാനുവൽ കാന്റിൻ്റെ (Emanuel Kant) കാലം മുതൽ ഏറെക്കുറേ മറന്നുപോയ ഈ വാദം വീണ്ടും കേന്ദ്ര ശ്രദ്ധയിലേക്ക് എത്തിയത് വില്യം ലെയ്ൻ ക്രെയ്ഗ് (William Lane Craige) ലൂടെയാണ്.
Cambridge Companion to Atheism (2007) റിപ്പോർട്ട് ചെയ്യുന്നു:
“A count of the articles in the philosophy journals shows that more articles have been published about... the Kalam argument than have been published about any other... contemporary formulation of an argument for God’s existence.... theists and atheists alike ‘cannot leave [the] Kalam argument alone’” (Page 183).
പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്ന് സ്ഥാപിച്ച്, അതിൻ്റെ തുടക്കക്കാരൻ തങ്ങളുടെ ദൈവമാണെന്ന് വാദിക്കാൻ ഉപയോഗിക്കുന്ന ഒരു ആർഗ്യുമെൻ്റ് ആണിത്. മുമ്പ് ഒരുപാട് ചർച്ചകളിൽ ദൈവവാദികൾ ഈ ആർഗ്യുമെൻ്റ് കൊണ്ടു വന്നിട്ടുണ്ടെങ്കിലും ഇതിൻ്റെ പരിമിതികൾ മനസ്സിലാക്കിയത് കൊണ്ടാവാം ഇതിൻ്റെ പ്രചാരണം ഇപ്പോൾ താരതമ്യേനെ കുറവാണ്. മറ്റു ആർഗ്യുമെൻ്റ്കളെ അപേക്ഷിച്ച് കലാം കോസ്മോളജിക്കൽ വാദം മനസ്സിലാക്കാൻ വളരെ എളുപ്പമാണെങ്കിലും ഇതുകൊണ്ട് ദൈവത്തെ സ്ഥാപിക്കാൻ കഴിയില്ല.
2. വാദം
ഈ വാദം നമുക്ക് വളരെ എളുപ്പത്തിൽ ചിട്ടപ്പെടുത്താൻ കഴിയും: “തുടക്കമുള്ള എല്ലാത്തിനും അതിൻ്റെ തുടക്കത്തിന് ഒരു കാരണമുണ്ട്; ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട്; അതിനാൽ, പ്രപഞ്ചത്തിൻ്റെ ആരംഭത്തിന് ഒരു കാരണമുണ്ട്.”
2.1 Syllogism
ഈ വാദത്തിനു രണ്ട് premise കളും ഒരു conclusion ഉമാണുള്ളത്:
- P1. തുടക്കമുള്ള എല്ലാത്തിനും അതിൻ്റെ തുടക്കത്തിന് ഒരു കാരണമുണ്ട്.
- P2. ഈ പ്രപഞ്ചത്തിനു ഒരു തുടക്കം ഉണ്ട്.
- C. അതിനാൽ, പ്രപഞ്ചത്തിൻ്റെ ആരംഭത്തിന് ഒരു കാരണമുണ്ട്
2.2 വാലിഡിറ്റിയും ന്യായീകരണങ്ങളും
ഈ ആർഗുമെൻ്റ് ഒരു valid deductive ആർഗുമെൻ്റ് ആണ്, അഥവാ ഈ വാദത്തിൻ്റെ രണ്ട് premise കൾ ശരിയാണെങ്കിൽ ഇതിൻറെ conclusion നും നിർബന്ധമായും ശരിയായിരിക്കണം. ഇനി ഈ വാദത്തിൻ്റെ ഓരോ premise ഉം നോക്കാം.
2.2.1 Premise 1

“തുടക്കമുള്ള എല്ലാത്തിനും അതിൻ്റെ തുടക്കത്തിന് ഒരു കാരണമുണ്ട്“
ഈ premise തെളിയിക്കാൻ 3 കാരണങ്ങളാണ് പറയപ്പെടുന്നത്..
- ഒന്നുമില്ലായ്മയിൽ നിന്നും ഒന്നും വരില്ല. ഒന്നുമില്ലായ്മയിൽ നിന്നും വല്ലതും വരിക എന്നത് മെറ്റഫിസികലി അസാധ്യമായ (metaphysically impossible) ഒരു കാര്യമാണ്.
- ഇനി ഒന്നുമില്ലായ്മയിൽനിന്ന് പ്രപഞ്ചം വരുമെന്ന് അംഗീകരിച്ചാൽ, എന്തുകൊണ്ട് പ്രപഞ്ചം മാത്രം? ലോകത്തുള്ള എല്ലാ വസ്തുക്കളും ഒരു കാരണവുമില്ലാതെ വന്നതാണ് എന്നും പറഞ്ഞുകൂടെ!
- നമ്മുടെ അന്തർജ്ഞാനം (intuition) പറയുന്നത് തുടക്കമുള്ള എന്തിനും ഒരു കാരണം വേണമെന്നാണ്. അതുപോലെ തന്നെ ഈ premise നു ശാസ്ത്രീയമായ പിൻബലമുണ്ട് എന്നുമാണ് ഇതിന് ന്യായീകരണമായി പറയപ്പെടുന്നത്.
2.2.2 Premise 2

“ഈ പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്“
ഈ premise തെളിയിക്കാൻ ശാസ്ത്രത്തെയും തത്വചിന്തയെയും ഉപയോഗപ്പെടുത്തി നാലു ന്യായീകരണങ്ങളാണ് കൊണ്ടുവരാറുള്ളത്.
ശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയുള്ള ന്യായീകരണങ്ങൾ
- ബിഗ് ബാംഗ് സിദ്ധാന്തം (Big Bang theory): പ്രപഞ്ചത്തിൻ്റെ ഉത്ഭവം വിശദീകരിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് ബിഗ് ബാംഗ് (മഹാ വിസ്ഫോടന സിദ്ധാന്തം). പ്രപഞ്ചോല്പത്തി വിശദീകരിക്കാൻ ഇന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഈ സിദ്ധാന്തമാണ്. പ്രപഞ്ചം ഉദ്ദേശം 1382 കോടി വർഷങ്ങൾക്ക് മുൻപ് അത്യധികം ദ്രവ്യ സാന്ദ്രവും ഊർജ്ജ സാന്ദ്രവുമായ ഒരു അവസ്ഥയിൽ നിന്നും വികസിച്ചു പ്രപഞ്ചം ഉടലെടുത്തു എന്നാണ് ഇത് മുന്നോട്ടു വെക്കുന്നത്.
- തെർമോഡൈനാമിക്സ് (Thermodynamics): തെർമോഡൈനാമിക്സിലെ (താപഗതികം) രണ്ടാമത്തെ നിയമ പ്രകാരം ഏതൊരു ഐസൊലേറ്റഡ് സിസ്റ്റത്തിനും (isolated system), എൻട്രോപ്പി (entropy) കാലക്രമേണ വർദ്ധിക്കുന്നു, ഒരിക്കലും കുറയുന്നില്ല. നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിന് (Observable universe) മുൻകാലങ്ങളിൽ വളരെ താഴ്ന്ന എൻട്രോപ്പി ആയിരുന്നു. അനന്തമായ കാലത്തേക്ക് നിലനിൽക്കുന്ന ഒരു പ്രപഞ്ചം ഇപ്പോൾ അസന്തുലിതാവസ്ഥയിൽ (Disequilibrium) ആയിരിക്കില്ല. അതിനാൽ, പ്രപഞ്ചത്തിനു തുടക്കമുണ്ടാവണം.
തെർമോഡൈനാമിക്സ് രണ്ടാം നിയമത്തെ കുറിച്ച് ഒരു ലഘു വിവരണം താഴെ വീഡിയോയിൽ കാണാം.
തത്ത്വശാസ്ത്രപരമായ ന്യായീകരണങ്ങൾ
- ആക്ച്വൽ ഇൻഫിനിറ്റി (Actual infinite) അസാധ്യമാണ്: പ്രപഞ്ചത്തിന് ഒരിക്കലും ഒരു തുടക്കം ഇല്ലായിരുന്നെങ്കിൽ, ഇന്നത്തേതിന് മുമ്പ് അനന്തമായ മുൻകാല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അനന്തമായ കാര്യങ്ങൾ നിലനിൽക്കാൻ കഴിയില്ല. പൊട്ടൻഷ്യൽ ഇൻഫിനിറ്റ് (Potential infinite) സംഖ്യകൾക്ക് മാത്രമേ നിലനിൽക്കാൻ കഴിയൂ, ആക്ച്വൽ ഇൻഫിനിറ്റ് (Actual Infinite) കാര്യങ്ങൾക്ക് നിലനിൽക്കാൻ കഴിയില്ല.
- Successive addition നിലൂടെ ഒരു യഥാർത്ഥ ആക്ച്വൽ ഇൻഫിനിറ്റിയെ (Actual infinity) രൂപപ്പെടുത്താൻ കഴിയില്ല: ഒരു ആക്ച്വൽ ഇൻഫിനിറ്റി (Actual Infinity) സാധ്യമാണെങ്കിൽ പോലും, തുടർച്ചയായ കൂട്ടിച്ചേർക്കലിലൂടെ അത് സാക്ഷാത്കരിക്കാനാകില്ല, എത്ര കൂട്ടിച്ചേർക്കലുകൾ നടത്തിയാലും ആ പരമ്പര പരിമിതവും (finite) പൊട്ടൻഷ്യലി ഇൻഫിനിറ്റും (Potentially infinite) മാത്രമായി നിലനിൽക്കും. ഒരാൾക്ക് അനന്തമായി എണ്ണുവാനോ സഞ്ചരിക്കാനോ കഴിയില്ല. കഴിഞ്ഞ സംഭവങ്ങളുടെ പരമ്പര ഒന്നിനുപുറകെ ഒന്നായി ഓരോ സംഭവങ്ങൾ കൂട്ടിച്ചേർത്ത് രൂപപ്പെടുത്താം. ഇനി കഴിഞ്ഞ സംഭവങ്ങളുടെ പരമ്പര ഡൊമിനോകൾ (dominoes) ഒന്നിനുപുറകെ ഒന്നായി വീഴുന്നതായി സങ്കല്പിക്കുക. അവസാന ഡൊമിനോ ആണ് ഇന്നത്തെ ദിവസം. എന്നാൽ ഒന്നിനുപുറകെ മറ്റൊന്നായി ചേർന്നുകൊണ്ട് രൂപപ്പെടുന്ന ഒരു പരമ്പരയും യഥാർത്ഥത്തിൽ അനന്തമാകില്ല. അങ്ങനെ അന്തമായാൽ ഇന്നത്തെ ദിവസം എത്തില്ല എന്നാണ് ദൈവവിശ്വാസികൾ അവകാശപ്പെടുന്നത്. ഈയൊരു ആർഗ്യുമെൻ്റ് വേറെ രൂപങ്ങളിലും അവതരിപ്പിക്കപ്പെടാറുണ്ട്. ഇൻഫിനിറ്റിയെ കുറിച്ച് കൂടുതൽ ആർഗ്യുമെൻ്റ്സ് ഇനി വരും ബ്ലോഗുകളിൽ എഴുതുന്നതായിരിക്കും.
3. പ്രതിവാദം
ഏതൊരു ആർഗുമെൻ്റും വിജയകരമാവണമെങ്കിൽ അതിൻ്റെ എല്ലാ പ്രിമയ്സുകളും (premise) 100% ശരിയാക്കണം. ഇനി ഈയൊരു വാദത്തിന് ന്യായീകരണമായി ഇവർ തന്ന വിശദീകരണങ്ങളെ ഗണിച്ചാൽ ഈ ആർഗുമെൻ്റ് അസാധുവാകും. മാത്രമല്ല അവർ തന്ന ന്യായീകരണങ്ങൾക്ക് മറുപടി പറയുന്നതിനോടൊപ്പം ഈ വാദത്തിന് മറ്റു ചില പ്രശ്നങ്ങളും ഞാനിവിടെ കാണിക്കുന്നുണ്ട്. ഇനി അവർ കൊണ്ടുവരുന്ന നാല് ന്യായീകരണങ്ങളും തുറന്നു പരിശോധിക്കാം.
3.1 ശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയുള്ള ന്യായീകരണങ്ങൾക്കുള്ള മറുപടി
ശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയുള്ള രണ്ട് വിശദീകരണങ്ങൾ [ഒന്ന് പ്രപഞ്ചത്തിൻ്റെ വികാസത്തെ അടിസ്ഥാനമാക്കിയും, മറ്റൊന്ന് അതിൻ്റെ തെർമോഡൈനാമിക് പ്രോപ്പർട്ടികൾ (Thermodynamic properties) അടിസ്ഥാനമാക്കിയും] രണ്ടാം പ്രിമൈസ് (Premise) ന്യായികരിക്കാൻ വേണ്ടിയാണ് കൊണ്ടുവരുന്നത്. പക്ഷെ രണ്ടിനും എൻ്റെയഭിപ്രായത്തിൽ 2nd പ്രെമെസിനെ (Premise) ന്യായികരിക്കാൻ കഴിയുന്നില്ല.
3.1.1 ബിഗ് ബാംഗ് സിദ്ധാന്തം (Big Bang theory)
പ്രപഞ്ചചരിത്രം ഏകദേശം 13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഒരു ബിഗ് ബാംങ്ങിലേക്ക് (Big Bang – മഹാ വിസ്ഫോടനം) തിരിച്ചെത്തുന്നു എന്നത് മുഖ്യധാരാ ശാസ്ത്രം അംഗീകരിച്ച ഒന്നായാണ് ആണ് നമ്മൾ കാണുന്നത്. നിർഭാഗ്യവശാൽ, കാര്യങ്ങൾ അത്ര ലളിതമല്ല. നമ്മൾ ഒരുപാട് കാലം പുറകോട്ടു പോയാൽ പ്രപഞ്ചം വളരെ ഉയർന്ന ഊർജ്ജമേറിയ (energy) സാന്ദ്രത (Density) ഏറിയ അവസ്ഥയിലായിരുന്ന ഒരു കാലഘട്ടത്തിലേക്ക് നമ്മൾ എത്തിച്ചേരും. ബിഗ് ബാംഗിന് (Big Bang) 10-12 സെക്കന്റുകൾക്ക് ശേഷം ഏകദേശം 100 ബില്ല്യൺ ഇലക്ട്രോൺ വോൾട്ട് (100 GeV) ആയി കണക്കാക്കപ്പെടുന്നു; 10-35 സെക്കൻഡിൽ, അത് 1014 GeV ആയി ഉയരുന്നു. ഊർജ്ജ (Energy) നിലകൾ ഉയർന്നാൽ, ക്വാണ്ടം ഇഫക്റ്റുകൾ (Quantum effects) വളരെ പ്രബലമായി സ്വാധീനിക്കും, ഇക്കാരണത്താൽ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി ആയി ശാസ്ത്രം പറയുന്നില്ല.
ഇനി നമുക്ക് ഒരു t=0 ലേക്ക് തിരിച്ചുപോകാൻ കഴിയുമെങ്കിലും, നമ്മുടെ പ്രപഞ്ചത്തിൻ്റെ സ്ഥലകാലത്തിന് (Space-time) ഒരു തുടക്കമുണ്ടെന്ന് മാത്രമാണ് ഇത് സ്ഥാപിക്കുന്നത്. ആ തുടക്കത്തിൻ്റെ മറുവശത്ത് ഒന്നുമില്ലെന്ന് നിഗമനം ചെയ്യാൻ ഇത് ഒരു കാരണവും നൽകില്ല (ഒരുപക്ഷേ, തികച്ചും വ്യത്യസ്തമായ ഭൗതിക നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഒരു പ്രപഞ്ചം ബിഗ് ബാംഗിനു മുമ്പ് ഉണ്ടായേക്കാം). അതിനാൽ പ്രകൃതിയുടെ മുഴുവൻ ക്രമത്തിനും (Physical reality as a whole) ഒരു സമ്പൂർണ്ണ തുടക്കമുണ്ടെന്ന് ചിന്തിക്കാൻ ഒരു കാരണവുമില്ല.
3.1.2 തെർമോഡൈനാമിക്സ് (Thermodynamics)
തെർമോഡൈനാമിക്സിൻ്റെ രണ്ടാമത്തെ നിയമം (2nd law of thermodynamics) കണക്കിലെടുക്കുമ്പോൾ, പ്രപഞ്ചം ഒരു നിശ്ചിത സമയത്തിനുള്ളിൽ സന്തുലിതാവസ്ഥയിലെത്തുകയും (equilibrium), “heat death” അനുഭവിക്കുകയും വേണം. പ്രപഞ്ചചരിത്രത്തിന് ഒരു തുടക്കം ഇല്ലായിരുന്നെങ്കിൽ, heat death എപ്പോഴേ സംഭവിക്കുമായിരുന്നു. അത് സംഭവിച്ചിട്ടില്ലാത്തതിനാൽ, പ്രപഞ്ചം എല്ലായ്പ്പോഴും ഉണ്ടായിരുന്നില്ലെന്നും ഒരു സമ്പൂർണ്ണ തുടക്കം അനിവാര്യമാണ് എന്നും അനുമാനിക്കാം. പക്ഷെ ഈ വാദത്തിന്റെ പ്രശ്നം, ആദ്യകാല പ്രപഞ്ചം (Early Universe) എന്ന് വിളിക്കപ്പെടുന്ന പ്രപഞ്ചത്തെക്കുറിച്ച് നമുക്ക് മതിയായ അറിവില്ല എന്നതാണ്. തെർമോഡൈനാമിക്സിൻ്റെ രണ്ടാമത്തെ നിയമം (2nd law of thermodynamics) എന്ന് മുതൽ ആണ് പ്രയോഗക്ഷമമായത് എന്ന് നമുക്കറിയില്ല. അതിനാൽ നമുക്ക് നിഗമനം ചെയ്യാൻ ഏറ്റവും ഉചിതമായതു എൻട്രോപ്പിയുടെ (Entropy) ചരിത്രത്തിന് ഒരു തുടക്കമുണ്ട് എന്നതാണ്.
3.2 തത്ത്വശാസ്ത്രപരമായ ന്യായീകരണങ്ങൾക്കുള്ള മറുപടി
തുടക്കമുണ്ട് എന്ന് കാണിക്കാൻ അടിസ്ഥാനപരമായി രണ്ട് തത്ത്വചിന്താപരമായ വാദങ്ങൾ ഉണ്ട്. രണ്ടും തുടക്കമില്ലാത്ത അനന്തമായ (Beginning-less infinite) സംഭവങ്ങളുടെ ഒരു പരമ്പര അസാധ്യമാണെന്ന് കാണിക്കാൻ ശ്രമിക്കുന്നു. ഇത് സ്ഥാപിക്കാനാകുമെങ്കിൽ, പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന് എന്ന് സ്ഥാപിക്കാൻ ഭൗതികശാസ്ത്രജ്ഞരെ കാത്തിരിക്കേണ്ടതില്ല.
3.2.1 ആക്ച്വൽ ഇൻഫിനിറ്റി (Actual infinite) സാധ്യമാണ്
ആരംഭമില്ലാത്ത അനന്തമായ സംഭവങ്ങളുടെ ഒരു പരമ്പര natural numbers സുമായി one-to-one correlation സ്ഥാപിക്കാവുന്നതാണ്. അത്തരമൊരു പരമ്പരയിലെ ഇവന്റുകളുടെ എണ്ണം ℵ0 (aleph null) ആയിരിക്കും (ആദ്യത്തെ transfinite cardinal); അതിനാൽ ഇത് ഇപ്പോൾ നിർവചിക്കപ്പെട്ട അർത്ഥത്തിൽ ഒരു അക്ച്വൽ ഇൻഫിനിറ്റി (actual infinity) ആണ്.
മാത്തമാറ്റിക്സിൽ (Mathematics) സാധ്യമായ ഒരു കാര്യത്തെ യുക്തിപരമായി അസാധ്യമാണ് (logically impossible) എന്നു പറയുന്നത് യുക്തിരഹിതമാണ്. എന്നാൽ ഇത് മാത്തമാറ്റിക്സിൽ മാത്രമുള്ള ഒരു കാര്യമാണെന്നും പ്രപഞ്ചത്തിൽ ആക്ച്വൽ ഇൻഫിനിറ്റി (Actual Infinity) അസാധ്യമാണ് എന്ന് പറയുന്നവർ അതിനുള്ള തെളിവ് കൊണ്ടുവരേണ്ടതാണ്. ഫിലോസഫിയിൽ ഇത് അസാധ്യമാണ് എന്ന് കാണിക്കാൻ പല paradox കൾ കൊണ്ട് വരാറുണ്ട്, അത് വരും ബ്ലോഗുകളിൽ വിശദമായി പരിശോധിക്കും.
ആക്ച്വൽ ഇൻഫിനിറ്റി പ്രപഞ്ചത്തിൽ അസാധ്യമാണെന്നതിനു അക്കാദമിയയിൽ ഒരു പൊതുസമ്മതമോ ഒത്തുതീർപ്പോ ആയിട്ടില്ല.
3.2.2 Successive addition നിലൂടെ ഒരു യഥാർത്ഥ ആക്ച്വൽ ഇൻഫിനിറ്റിയെ (Actual infinity) രൂപപ്പെടുത്താൻ കഴിയില്ല
ഈ ന്യായീകരണം തരുമ്പോൾ ദൈവവിശ്വാസികളുടെ മുൻധാരണ തുടക്കം ഉള്ള, ഒടുക്കം ഇല്ലാത്ത ഒരു അനന്തതയെ (Endless Infinity) പറ്റി ആണ്. എന്തുകൊണ്ടാണ് ആദ്യ വർഷം ഇല്ലാത്ത അല്ലെങ്കിൽ തുടക്കം ഇല്ലാത്ത അനന്തമായ (Beginning-less infinite) വർഷങ്ങളുടെ പരമ്പര ഉണ്ടാവാൻ കഴിയാത്തത്? അത്തരമൊരു പരമ്പരയിൽ നമ്മൾ അനന്തതയിൽ എത്തുകയില്ല. കാരണം നമ്മൾ എപ്പോഴും അനന്തതയിൽ തന്നെ ആണ് അഥവാ ഏതൊരു ഘട്ടം എടുത്താലും അനന്തമായ വർഷങ്ങൾ കടന്നുപോയി കഴിഞ്ഞു. അതുകൊണ്ട് വർത്തമാനത്തിൽ (Present day) അവസാനിക്കുന്ന ഒരു തുടക്കമില്ലാത്ത പരമ്പര യാതൊരു വിധത്തിലുള്ള വൈരുദ്ധ്യങ്ങളും (Contradiction) കൊണ്ടുവരുന്നില്ല.
3.3 കാര്യകാരണ തത്വവും ക്വാണ്ടം ഫിസിക്സും (The Causal Principle and Quantum Physics)
വാദത്തിന്റെ ആദ്യ പ്രിമയ്സിന്റെ (Premise) അടിസ്ഥാനം കാര്യകാരണ തത്വമാണ് (Casual Principle). ഇത് ആരും തന്നെ നിഷേധിക്കില്ല എന്നാണു ദൈവവാദികൾ പറയുന്നത്. പക്ഷെ ഈ തത്വം എല്ലായിടത്തും ബാധകമാണ് എന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. ഈ പ്രിമയ്സിനെ (Premise) ന്യായികരിക്കാൻ ശാസ്‌ത്രം പറയുന്ന ഇവർ ക്വാണ്ടം ഫിസിക്സിനെ (Quantum Physics) മറന്നു പോവുകയാണ്. കാരണം, ക്വാണ്ടം മെക്കാനിക്സ് (Quantum Mechanics) നമ്മുടെ പൊതുവായ കൊസാലിറ്റിയുടെ (Casuality) ചിത്രത്തെ വെല്ലുവിളിക്കുന്നു. ചില കാരണങ്ങൾ ക്രമരഹിതമായി (Random) ഒരു കാരണവുമില്ലാതെ സംഭവിക്കുന്നതും, അല്ലെങ്കിൽ ഒരിടത്തെ പ്രവർത്തനം മറ്റെവിടെയെങ്കിലും സ്വാധീനം ചെലുത്തുന്നതുമൊക്കെ ഇതിനു ഉദാഹരണമാണ്.
ഇതിനു മറുപടിയായി ക്വാണ്ടം മെക്കാനിക്സിൽ എഫക്റ്റ്സ് അകാരണമായി (uncaused) അല്ല, പകരം അതിനൊരു കാരണമുണ്ട്, അത് നമുക്ക് അറിയില്ല എന്ന വാദം കൊണ്ട് വരാറുണ്ട്.
ഇവിടെ ക്വാണ്ടം മെക്കാനിക്സ് (Quantum Mechanics), കാര്യകാരണ തത്വത്തെ (Casual principle) നിരാകരിക്കുന്നു എന്നല്ല എൻറെ വാദം. മറിച്ച് ആദ്യത്തെ പ്രിമയ്സിൽ (premise) ന്യായീകരിക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിക്കുമ്പോൾ അതേ ശാസ്ത്രം ഉപയോഗിച്ച് കാര്യകാരണ തത്വത്തിൻ്റെ പരിമിതികളെ ആണ് ഞാൻ കൊണ്ടുവരുന്നത്.
3.4 കാലത്തിന്റെ തത്ത്വചിന്ത മാനങ്ങൾ (Philosophy of time)

സമയത്തെക്കുറിച്ചുള്ള ഫിലോസഫിയിൽ തത്വചിന്തകർ രണ്ടു വ്യത്യസ്ത തിയറികൾ (theory) ഉണ്ട് [A-Theory of time and B-Theory of time]. ഇതിൽ A -Theory of timeമുമായി മാത്രം കലാം കോസ്മോളജിക്കൽ ആർഗ്യുമെന്റുമായി ഒത്തുപോവുകയുള്ളു. എന്നാൽ ശാസ്ത്രത്തോടു കൂടുതൽ അടുത്ത് നിൽക്കുന്നത് B-Theory of time ആണ്.
3.4.1 A-theory of time
ഇത് മനസ്സിലാക്കാൻ വളരെ എളുപ്പമുള്ള ഒരു തിയറി (Theory) ആണ്. കാരണം നമ്മുടെ intuition പ്രകാരമുള്ള ഒരു വീക്ഷണം ആണ് ഇത്. ഈ തിയറി (Theory) പ്രകാരം ഭാവിയും ഭൂതവും നിലനിൽക്കുന്നില്ല. വർത്തമാനകാലം മാത്രമാണ് exist ചെയ്യുന്നത്. ഇതിന് Presentism എന്നും പറയും. എന്നാൽ ശാസ്ത്രീയമായി ആയി ഇതിന് ഒരുപാട് കുഴപ്പങ്ങൾ ഉണ്ട്. നമുക്കറിയാം theory of relativity പ്രകാരം പ്രപഞ്ചത്തിന് ഒരു ‘now’ (Universal now) എന്ന movement ഇല്ല. സമയം ഓരോ വ്യക്തികൾക്കും ഓരോ രീതിയിലാണ് (Time is Relative). അതുപോലെ time dilationനും Simultaneityയും കണക്കിലെടുക്കുമ്പോൾ ഈ ഒരു view തെറ്റ് ആകാനാണ് കൂടുതൽ സാധ്യത.
3.4.2 B-theory of time

ഫിസിസ്റ്റുകൾ (Physicists) ഏറ്റവും കൂടുതൽ അംഗീകരിക്കുന്ന ഒരു തിയറി ആണ് ഇത്. ഇതുപ്രകാരം പ്രപഞ്ചം ഒരു block ആയി എന്നും നിലനിന്നിരുന്നു, ഭൂതം ഭാവി വർത്തമാനം ഇതെല്ലാം ഒരുപോലെ നിലനിൽക്കുന്ന ഈ തിയറിയിൽ സമയം ഒരു ഡൈമെൻഷൻ (Dimension) ആണ്. ശാസ്ത്രീയമായ മിക്ക സിദ്ധാന്തങ്ങളുമായി ഒത്തുപോകുന്ന ഒരു വീക്ഷണം ആയതിനാൽ ഇത് ശരിയാവാനുള്ള സാധ്യത അത് വളരെയധികം ആണ്.
ശാസ്ത്രീയമായ ഇത്തരം ചില വാദങ്ങൾ കൂടാതെ, തത്വചിന്തപരമായ വേറെ വാദങ്ങളും A-theory of timeമിന് എതിരെ ഉണ്ട്. ഉദാഹരണത്തിന് John McTaggart Ellis McTaggartന്റെ ‘The Unreality of Time’ എന്ന പുസ്തകം A-theory of Time തെറ്റാണ് എന്ന് തെളിയിക്കുന്ന ഒരു വാദം മുന്നോട്ടുവെക്കുന്നുണ്ട്. ഉത്തരങ്ങൾ വാദങ്ങളും സമയത്തെ പറ്റി കൂടുതൽ വിവരങ്ങൾ പിന്നീടൊരിക്കൽ ഞാൻ എഴുതാം.
4. ഉപസംഹാരം
കലാം വാദത്തിൻ്റെ ഇരട്ടസ്തംഭങ്ങൾക്ക് (Twin pillars) ഇനി അതിനെ പിടിച്ചുനിർത്താൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ വാദത്തിൻ്റെ രണ്ടു പ്രിമയ്സുകളും (Premise) വിശ്വാസികൾക്ക് സ്ഥാപിക്കാൻ കഴിയാത്തതിനാൽ, ഈ ആർഗ്യുമെൻ്റ് മുന്നോട്ടുവെക്കുന്നതിനു യാതൊരു അർത്ഥവുമില്ല. മാത്രമല്ല ഈ വാദം വഴി മാത്രം ദൈവം ഉണ്ടെന്ന് വിശ്വസിച്ചിരിക്കുന്നവർ ഉണ്ടെങ്കിൽ, അവരുടെ വിശ്വാസം യുക്തിരഹിതമാണ്.
Leave a comment