
ആമുഖം
2012 ൽ Sam Harris ‘FREE WILL’ എന്ന തൻ്റെ പുസ്തകം പുറത്തിറക്കിയപ്പോൾ തൊട്ടാണ് ഫ്രീ വില്ലിനെ പറ്റിയുള്ള ചർച്ചകൾ സാധാരണ ജനങ്ങളിലേക്ക് വ്യാപിക്കുന്നത്. തങ്ങൾ എന്തോ പ്രത്യേകതരം സ്വതന്ത്ര കഴിവുള്ള ജീവികൾ ആണെന്ന് കരുതി നിന്നിരുന്ന മനുഷ്യർക്ക് മുന്നിൽ അവർക്കും വെറും റോബോട്ടുകൾക്കുള്ള സ്വാതന്ത്ര്യം മാത്രമേ അവകാശപ്പെടാൻ ഉള്ളൂ എന്നുള്ള വാദം വളരെ വലിയ സ്ഫോടനം തന്നെ സൃഷ്ടിച്ചു. ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത് – മതവിശ്വാസികൾ കരുതുന്നു ദൈവമുണ്ടെങ്കിൽ, ഒരു ആത്മാവ് ഉണ്ടെങ്കിൽ എങ്ങനെയെങ്കിലും അവർക്ക് ഫ്രീ വിൽ അവകാശപ്പെടാം എന്നാണ്. എന്നാൽ ഇത് തീർത്തും തെറ്റായ ധാരണയാണ്. ഫ്രീ വിൽ ഒരുതരത്തിലും ഒരു ജീവിക്കും ഇല്ല എന്ന് നമുക്ക് ബുദ്ധിപരമായും യുക്തിപരമായും തന്നെ തെളിയിക്കാൻ സാധിക്കും. ഒരു തരത്തിലുള്ള ഫ്രീ വില്ലും നമുക്ക് ഇല്ല എന്ന് എങ്ങനെ നിസ്സംശയം പറയാം എന്ന് അറിയാൻ വേണ്ടി തുടർന്ന് വായിക്കുക.
ഫ്രീ വില്ലിനെ പറ്റി പറയുമ്പോൾ നമ്മൾ ‘Libet experiment’ പോലെയുള്ള പലതരത്തിലുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് നടത്തിയ പരീക്ഷണങ്ങളെ പറ്റി പറയാറുണ്ട്.
എന്നാൽ ഇതൊന്നുമല്ല ഇന്ന് ഞാൻ സ്വീകരിക്കുന്ന വഴി. കാരണം ശാസ്ത്രത്തിൻ്റെ കണ്ടെത്തലുകൾ ഒരിക്കലും 100% കൃത്യതയോടെ പറയാൻ സാധിക്കില്ല. അങ്ങനെ പറയണമെങ്കിൽ അത് formal logic ഉപയോഗിച്ചുകൊണ്ട് തെളിയിക്കണം. കേവലം നമ്മുടെ പ്രവർത്തികളെ മറ്റുള്ള കാരണങ്ങൾ സ്വാധീനിക്കുന്നു എന്ന കാര്യത്തിൽ അല്ല ഇവിടെ തർക്കം. എന്തൊക്കെ തരത്തിൽ നമ്മെ സ്വാധീനിച്ചാലും അവസാനത്തെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് തന്നെയാണ് എന്നുള്ളതാണ് ഫ്രീ വിൽ ഉണ്ട് എന്നു പറയുന്നവരുടെ വിശ്വാസം. ഈ വിശ്വാസം വെറും മിഥ്യ മാത്രമാണ് എന്നാണ് ഞാൻ തെളിയിക്കാൻ ശ്രമിക്കുന്നത്.
ചിന്തയെ പറ്റി ചിന്തിക്കുമ്പോൾ!
A) നമ്മുടെ ചിന്തകൾ സ്വബോധത്തിൽ എത്തുമ്പോഴാണ് നമ്മൾ അതിനെ പറ്റി ബോധവാന്മാർ ആകുന്നത്.
B) നമ്മുടെ പ്രവർത്തികളെല്ലാം നിയന്ത്രിക്കുന്നത് നമ്മുടെ ചിന്തകളാണ്.
C) നമുക്ക് നമ്മുടെ ചിന്തകളെ സ്വബോധത്തോടെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
D) നമ്മുടെ പ്രവർത്തികളും നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
താഴെ കൊടുത്തിരിക്കുന്ന വാദത്തിലെ ‘D’ എന്നുള്ള conclusion നമുക്ക് ഫ്രീ വിൽ ഇല്ലായെന്ന് സ്ഥാപിക്കുന്നു. A തൊട്ട് C വരെ എല്ലാം ശരിയാണ് എന്നുണ്ടെങ്കിൽ ഫ്രീ വിൽ നമുക്ക് ഇല്ല.
ഇനി നമുക്ക് ഒരു ഉദാഹരണം എടുത്തുകൊണ്ട് പരിശോധിക്കാം. ഒരാൾ റോഡിലൂടെ നടക്കുന്നതിനിടയിൽ ഒരു 100 രൂപ നോട്ട് റോഡിൽ കളഞ്ഞു കിടക്കുന്നതായി കാണുന്നു. ഇത് എടുക്കണോ/ എടുക്കണ്ടേ എന്ന പ്രവർത്തികളിൽ ഏത് സ്വീകരിക്കാനുമുള്ള ഫ്രീ വിൽ മനുഷ്യന് ഉണ്ട് എന്നാണല്ലോ പലരുടെയും വാദം. A യോട് ആർക്കും എതിർപ്പ് ഉണ്ടാകാൻ സാധ്യതയില്ല. സ്വബോധത്തിൽ എത്തുന്നതിനു മുൻപേ സ്വബോധത്തിൽ എത്തി എന്ന് പറയുന്നതിന് തുല്യമാണ് A നിരാകരിക്കുന്നത്. അങ്ങനെയെങ്കിൽ അയാൾ അപ്പോൾ ചെയ്യുന്ന പ്രവർത്തിക്കു മുൻപേ(ഒന്നെങ്കിൽ കളഞ്ഞു കിടക്കുന്ന പൈസ എടുക്കുന്നു അല്ലെങ്കിൽ എടുക്കാതെ ഇരിക്കുന്നു) വന്ന ഏതൊരു ചിന്തയും അയാളുടെ സ്വബോധത്തിൽ എത്തുന്നതിനുമുൻപ് അയാൾ ബോധവാനല്ല. അങ്ങനെ ഇയാൾക്ക് പൈസ എടുക്കണം എടുക്കണ്ടേ എന്നുള്ള ചിന്തയിൽ ഏത് വരണമെന്ന് സ്വബോധതോടെ തീരുമാനിക്കാൻ സാധിക്കില്ല. കാരണം ആ ചിന്ത എത്തിയതിനു ശേഷം മാത്രമാണ് അയാൾ ഇങ്ങനെയൊരു ചിന്തയെ പറ്റി ബോധവാനാവുന്നത്. ഉദാഹരണത്തിന് അയാൾക്ക് ആ പൈസ എടുക്കണം എന്നുള്ള ചിന്തയാണ് അവസാനമായി വന്നത്. ഈ ചിന്തയിൽ അയാൾക്ക് നിയന്ത്രണം ഇല്ല എന്നുള്ളത് നമ്മൾ തെളിയിച്ചു. അതുപോലെതന്നെ ഇപ്പോൾ വന്ന ചിന്ത ഇനി ധാർമികമായി തെറ്റാണോ ആണോ അതോ ധാർമികമായി ശരിയാണോ എന്നെല്ലാം ഇയാൾക്ക് കൂട്ടിയും കിഴിച്ചും പരിശോധിക്കണം എന്ന് തോന്നിയാലും അങ്ങനെ തോന്നണം എന്നുള്ള ചിന്ത സ്വബോധതൊടെ വരുത്താനുള്ള കഴിവ് പോലും അയാൾക്കില്ല. മാത്രമല്ല, പരിശോധനയുടെ ഭാഗമായി വരുന്ന ചിന്തകളും അയാളുടെ നിയന്ത്രണം ഇല്ലാതെ വരുന്നതാണ്. എന്തു ചിന്തയാണ് അയാളുടെ മനസ്സിലേക്ക് അവസാനമായി വരുന്നത് അതിനനുസരിച്ച് അയാൾ പ്രവർത്തിക്കും. നമ്മുടെ എല്ലാ പ്രവർത്തികളും ചിന്തകളാണ് നിയന്ത്രിക്കുന്നത് എന്നുള്ളതും ആർക്കും തർക്കം ഉണ്ടാകാൻ സാധ്യതയില്ല. കാരണം ഫ്രീ വിൽ ഉണ്ട് എന്ന് വാദിക്കുന്നവർ തന്നെ പറയുന്നത് നമ്മുടെ പ്രവർത്തികൾ എല്ലാം നമ്മൾ ചിന്തിച്ചു തീരുമാനമെടുത്തു ചെയ്യുന്നതാണ് എന്നാണ്. അങ്ങനെ നമ്മുടെ പ്രവർത്തികൾ നിയന്ത്രിക്കുന്നത് നമ്മുടെ ചിന്തകളാണ്, നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നത് നമ്മളല്ല എന്നും വന്നാൽ നമ്മുടെ പ്രവർത്തികൾ നിയന്ത്രിക്കുന്നതും നമ്മൾ അല്ല എന്നുള്ള നിഗമനത്തിലേക്ക് എത്താം. ഇതിൽ ദൈവം വന്നത് കൊണ്ടോ, ആത്മാവ് വന്നത് കൊണ്ടോ, Quantum indeterminacy വന്നതുകൊണ്ടോ മുകളിൽ പറഞ്ഞ വാദങ്ങളിൽ ഒരു മാറ്റവും വരുന്നില്ല.
ഫ്രീ വിൽ ഇല്ല എന്നുള്ള അറിവ് സമൂഹത്തെ എങ്ങനെ ബാധിക്കും, ധാർമികതയെ എങ്ങനെ ബാധിക്കും, അതുപോലെ തന്നെ സ്വതന്ത്രചിന്തയെ എങ്ങനെ ബാധിക്കും എന്നെല്ലാം മറ്റൊരു അവസരത്തിൽ വിശദമായി ചർച്ച ചെയ്യും.
Leave a comment