തലച്ചോറും മനസ്സും പിന്നെ ഞാനും

ആമുഖം ഒരു ദൈവവിശ്വാസിയുടെ ലോക വീക്ഷണത്തിൽ, ഭൗതികമായ ശരീരത്തിൻ്റെ അന്ത്യത്തെ അതിജീവിക്കുന്ന ഒരു ‘ആത്മാവ്’ ഇല്ലാതെ പറ്റില്ല. അങ്ങനെയൊരാത്മാവില്ലാതെ പരലോക ജീവിതവും നരകവും സ്വർഗ്ഗവുമൊന്നും സാധ്യമല്ലല്ലോ. അങ്ങനെ ഭൗതികമായ ശരീരത്തെ വിട്ടു നിൽക്കുന്ന ഒരാത്മാവുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടോ? നമ്മുടെ ശരീരത്തെ വിട്ടു നിൽക്കുന്ന, എന്നാൽ നമ്മുടെ ശരീരത്തെ നിയന്ത്രിക്കാൻ പറ്റുന്ന എന്തോ ഒന്നാണ് നമ്മുടെ മനസ്സ് എന്നാണ് സാധാരണയായി നമുക്ക് തോന്നാറ്. റെനെ ദെക്കാർത്തെയെ പോലെയുള്ള തത്വചിന്തകരും ഇതുപോലെയാണ് വിശ്വസിച്ചിരുന്നത്. പക്ഷേ ന്യൂറോസയൻസ് പോലെയുള്ള മേഖലകളിൽ ആധുനിക…

Written by

ആമുഖം

ഒരു ദൈവവിശ്വാസിയുടെ ലോക വീക്ഷണത്തിൽ, ഭൗതികമായ ശരീരത്തിൻ്റെ അന്ത്യത്തെ അതിജീവിക്കുന്ന ഒരു ‘ആത്മാവ്’ ഇല്ലാതെ പറ്റില്ല. അങ്ങനെയൊരാത്മാവില്ലാതെ പരലോക ജീവിതവും നരകവും സ്വർഗ്ഗവുമൊന്നും സാധ്യമല്ലല്ലോ.

അങ്ങനെ ഭൗതികമായ ശരീരത്തെ വിട്ടു നിൽക്കുന്ന ഒരാത്മാവുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടോ?

നമ്മുടെ ശരീരത്തെ വിട്ടു നിൽക്കുന്ന, എന്നാൽ നമ്മുടെ ശരീരത്തെ നിയന്ത്രിക്കാൻ പറ്റുന്ന എന്തോ ഒന്നാണ് നമ്മുടെ മനസ്സ് എന്നാണ് സാധാരണയായി നമുക്ക് തോന്നാറ്. റെനെ ദെക്കാർത്തെയെ പോലെയുള്ള തത്വചിന്തകരും ഇതുപോലെയാണ് വിശ്വസിച്ചിരുന്നത്. പക്ഷേ ന്യൂറോസയൻസ് പോലെയുള്ള മേഖലകളിൽ ആധുനിക ശാസ്ത്രത്തിൻ്റെ മുന്നേറ്റത്തോടെ ഇങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം അക്കാദമിക ലോകത്തിൽ കുറഞ്ഞിരിക്കുന്നു.
ചിന്ത, ഭാഷ, കണക്കുകൂട്ടലുകൾ, ഓർമ്മശക്തി, സ്വഭാവം എന്നിങ്ങനെയുള്ള നമ്മുടെ മനസ്സിൻ്റെ കഴിവുകൾ ഉത്ഭവിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനങ്ങളിൽ നിന്നാണെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. തലച്ചോറിൻ്റെ ഓരോ ഭാഗത്ത് പരിക്കേൽപ്പിച്ചാൽ നമ്മുടെ ഓരോരോ കഴിവുകളും നഷ്ടപ്പെടുത്താൻ പറ്റും. നമ്മുടെ വികാരങ്ങളും ചിന്തകളും ഒക്കെ ശരീരത്തിനു പുറത്തുള്ള ആത്മാവിൽ ആണെങ്കിൽ തലചോറിന് പരിക്ക് സംഭവിക്കുമ്പോൾ ഈ കഴിവുകളൊക്കെ എങ്ങനെയാണ് നഷ്ടപ്പെടുന്നത്?

രണ്ടു കഥ സൊല്ലട്ടുമാ?

ചില ഉദാഹരണങ്ങൾ നോക്കാം.
ഫിനിയാസ് ഗേജ് എന്ന റോഡ് പണിക്കാരൻ ഒരപകടത്തിൽപെട്ട് ഒരു കമ്പിപ്പാര അയാളുടെ തലയിൽ കൂടി കടന്നുപോയി. ഭാഗ്യവശാൽ അയാൾ മരണപ്പെട്ടില്ല. എങ്കിലും തലച്ചോറിൻ്റെ ചില ഭാഗങ്ങൾ നശിച്ചുപോയി. ആ സംഭവത്തിനു ശേഷം അയാളുടെ സ്വഭാവത്തിൽ കുറേ മാറ്റങ്ങൾ വന്നു. സൗമ്യമായ പെരുമാറ്റം ഉള്ളവൻ എന്ന് കൂട്ടുകാർ വിശേഷിപ്പിച്ചിരുന്ന ഗേജ് ഒരു മുൻകോപക്കാരൻ ആയി മാറി. അങ്ങനെ ഗേജിൻ്റെ കഥ വൈദ്യശാസ്ത്രത്തിൽ ഒരു വഴിത്തിരിവായി മാറി. (കൂടുതൽ വായനക്ക് ഈ ലിങ്ക് ഫോള്ളോ ചെയ്യുക : https://en.wikipedia.org/wiki/Phineas_Gage)

അതുപോലെ മറ്റൊരു കഥയാണ് ചാൾസ് വിറ്റ്മാൻ. നാവിക സേനയിൽ നിന്ന് റിട്ടയർ ആയ വിറ്റ്മാൻ ഒരു ദിവസം വീട്ടുകാരെ കൊല ചെയ്ത് ഒരു തോക്കുമെടുത്തു അവിടെയുള്ള ഒരു കെട്ടിടത്തിന് മുകളിൽ കയറി താഴെയുള്ളവരെ വെടിവെച്ചു. വിറ്റ്മാനെ തടയുവാൻ പോലീസുകാർക്ക് അവനെ വെടി വെച്ച് കൊല്ലേണ്ടി വന്നു. ചാൾസിൻ്റെ കൈവശമുണ്ടായിരുന്ന കത്തിൽ, തന്നെ കുറേ നാളുകളായി നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ ചിന്തകൾ അലട്ടുന്നു എന്നും,തന്നെ മരണശേഷം പോസ്റ്റ്മോർട്ടം (Autopsy) ചെയ്യണമെന്നും ചാൾസ് അപേക്ഷിച്ചിരുന്നു. അങ്ങനെ പോസ്റ്റ്മോർട്ടം നടന്നു. വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ഭാഗമായ അമിഗ്ദലയുടെ (amygdala) അടുത്ത് ഒരു ട്യൂമർ (tumour) ഉണ്ടായിരുന്നു എന്ന് പരീക്ഷണത്തിൽ കണ്ടെത്തി. (കൂടുതൽ വായനക്ക് ഈ ലിങ്ക് ഫോള്ളോ ചെയ്യുക : https://en.wikipedia.org/wiki/Charles_Whitman)

നമ്മുടെ സ്വഭാവവും ആഗ്രഹങ്ങളും നിയന്ത്രണങ്ങളും ഒക്കെ തലച്ചോറിലാണ്. തലച്ചോറും മനസ്സും തമ്മിലുള്ള ബന്ധം കാണിക്കുന്ന ഒരുപാട് ഉദാഹരണങ്ങളിൽ പ്രശസ്തമായ രണ്ടെണ്ണമാണ് ഇവിടെ പറഞ്ഞത്.

ശരീരം വിട്ട് അലയുന്ന മനസ്സ്

നിയർ ഡെത്ത് എക്സ്പീരിയൻസ് (near death experience), ഔട്ട് ഓഫ് ബോഡി എക്സ്പീരിയൻസ് (out of body experience) പോലെ ഉള്ള അനുഭവങ്ങളെ ആത്മാവിനുള്ള തെളിവായി ചിലർ ഉപയോഗിച്ചിട്ടുണ്ട്.
മനസ്സ് ശരീരം വിട്ട് പുറത്ത് പോയ പോലെയുള്ള അനുഭവങ്ങളാണ് ഔട്ട് ഓഫ് ബോഡി എക്സ്പീരിയൻസ്. മരണ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന ആളുകൾ പങ്കുവച്ച, പ്രകാശം പരക്കുന്ന പോലെയുള്ള ചില വിചിത്ര അനുഭവങ്ങളാണ് നിയർ ഡെത്ത് എക്സ്പീരിയൻസ്. പക്ഷേ തലച്ചോറിനെ ബാധിക്കുന്ന, അനസ്തീഷ്യക്ക്‌ (anaesthesia) ഉപയോഗിക്കുന്ന മരുന്നുകളുടെയും ചില സൈക്കഡലിക് രാസവസ്തുക്കളുടെയും (psychedelic substances) ഉപയോഗത്താലും ഇത്തരം അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

സ്പ്ലിറ്റ് ബ്രെയിൻ (split brain)

രോഗ സംബന്ധമായ കാരണങ്ങളാൽ തലച്ചോറിൻ്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ (Corpus Callosum) മുറിച്ച് കളയേണ്ടി വന്ന രോഗികളുണ്ട്. അവരെ സ്പ്ലിറ്റ് ബ്രെയിൻ രോഗികൾ എന്ന് വിളിക്കുന്നു. ഇങ്ങനെയുള്ളവരുടെ തലച്ചോറിൻ്റെ ഒരു വശത്തോട് മാത്രമായി ആശയവിനിമയം നടത്തുവാൻ സാധിക്കും. പരീക്ഷണങ്ങളിൽ, ചില ചോദ്യങ്ങൾക്ക് ഓരോ വശവും വേറിട്ട ഉത്തരങ്ങൾ നൽകിയത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ദൈവ വിശ്വാസിയായ ഒരു വശവും നാസ്തികനായ ഒരു വശവുമുള്ള കേസ് (case) ന്യൂറോ സയൻടിസ്റ്റ് വി എസ് രാമചന്ദ്രൻ രേഖപ്പെടുത്തിയിട്ടുണ്ട്. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ (Multiple personality disorder) പോലെയുള്ള അവസ്ഥകളും പ്രശസ്തമാണ്. ഒരു ആത്മാവിനകത്ത് തന്നെ പല വ്യത്യസ്തമായ ആളുകൾക്കും താമസിക്കാൻ പറ്റുമോ?

മരണത്തെ അതിജീവിക്കുന്ന ഒരു ആത്മാവല്ല, മറിച്ച് തലച്ചോറിൻ്റെ പ്രവർത്തനങ്ങളാണ് നമ്മളെ നമ്മളാക്കുന്നത് എന്ന നിഗമനത്തിലേക്കാണ് ഈ ഉദാഹരണങ്ങളൊക്കെ ചൂണ്ടിക്കാട്ടുന്നത്.

Leave a comment